ശനി ദശാകാലങ്ങള്‍

ഏഴര ശനി

ശനി ഒരു രാശി കടക്കാന്‍ രണ്ടര വര്‍ഷം എടുക്കുന്നു. ജാതകന്റെ കൂറിന്റെ ( ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ ) 12, 1, 2 ഈ സ്ഥാനങ്ങളില്‍ കൂടി ശനി ചാരവശാല്‍ സഞ്ചരിക്കുന്ന കാലത്തെ ഏഴര ശനി എന്നു പറയുന്നു.

ഒരു ജാതകന്‍, ഏഴര ശനി ആയുസ്സിന്റെ ദൈര്‍ഘ്യം അനുസരിച്ചു 2 അല്ലെങ്കില്‍ 3 തവണ വരുന്നു.  (30 വര്‍ഷത്തില്‍ ഒരു തവണ ഏഴര ശനി വരുന്നു). ആദ്യം വരുന്ന ഏഴര ശനി ജാതകന്റെ മാതാപിതാക്കള്‍ക്ക് ദോഷം ചെയ്യുന്നു. രണ്ടാമത് വരുന്ന ഏഴര ശനി ജാതകന്‍ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ നല്‍കുന്നു.  (ഗൃഹ നിര്‍മ്മാണം, ഉദ്യോഗത്തില്‍ മാറ്റം, വിവാഹം, വിദേശയാത്ര തുടങ്ങിയവ). മൂന്നാമത് വരുന്ന ഏഴര ശനി ജാതകന്‍ മോക്ഷത്തെ നല്‍കുന്നു. 

ഏഴര ശനി കാലത്ത് ജാതകന്‍ ഏറ്റവും അധികം ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് ജന്മത്തില്‍ (കൂറില്‍ ) ശനി സഞ്ചരിക്കുന്ന കാലമാണ്. ഏറ്റവും കാഠിന്യം കുറഞ്ഞത് കൂറിന്റെ രണ്ടില്‍ ശനി സഞ്ചരിക്കുന്ന കാലമാണ്. 

കണ്ടകശനി 

ജന്മത്തിന്റെ (കൂറിന്റെ) കേന്ദ്ര രാശികളില്‍ കൂടി ( 4, 7, 10 ) സഞ്ചരിക്കുന്ന ശനിയെ കണ്ടകശനി എന്ന് പറയുന്നു. കണ്ടകശനിയുടെ ദൈര്‍ഘ്യം രണ്ടര വര്‍ഷമാണ്‌. കണ്ടകശനിയുടെ ഫലങ്ങളും ഏഴര ശനിയുടെ പോലെ വിഷമം പിടിച്ചതാണ്. കൂറിന്റെ 10 ല്‍ കൂടി ശനി സഞ്ചരിക്കുന്ന കാലം, കാഠിന്യമേറിയതും 7 ല്‍ കൂടി സഞ്ചരിക്കുമ്പോള്‍ അടുത്ത കാഠിന്യം കുറവും, 4 ല്‍ കൂടി ശനി സഞ്ചരിക്കുന്ന കാലം കാഠിന്യം കുറഞ്ഞും ആയിരിക്കും. കണ്ടകശനിക്കാലത്ത് പൊതുവെ അപമാനം, ശിക്ഷ, പ്രയാസങ്ങള്‍, അപകടങ്ങള്‍, സ്ഥാനഭ്രംശം, കുടുംബാംഗങ്ങളെ വിട്ടുപിരിയല്‍, അജ്ഞാത വാസം, പ്രിയമുള്ളവരുടെ വേര്‍പാട്, ശത്രുദോഷങ്ങള്‍, പരാജയങ്ങള്‍ എന്നിവ സംഭവിക്കുന്നു. 4 ല്‍ ശനി സഞ്ചരിക്കുമ്പോള്‍ കുടുംബ സംബന്ധമായ പ്രശ്നങ്ങള്‍, 7ല്‍ ശനി സഞ്ചരിക്കുമ്പോള്‍ ഭാര്യ / ഭര്‍ത്താവുമായുള്ള പ്രശ്നങ്ങള്‍, വേര്‍പാട്‌, അടുത്ത സ്നേഹിതന്മാര്‍ ശത്രുക്കളാവുക തുടങ്ങിയവയും, 10 ല്‍ കൂടി ശനി സഞ്ചരിക്കുമ്പോള്‍ ഉദ്യോഗത്തില്‍ കഷ്ടത, സ്ഥാന ഭ്രംശം, ചെയ്യാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടി വരിക, വിദേശങ്ങളില്‍ ജോലി മുതലായവയും ഫലമാകുന്നു. 

ജാതകന്റെ കൂറിന്റെ 8 ല്‍ കൂടി സഞ്ചിരിക്കുന്ന ശനിയെ അഷ്ടമ ശനി എന്ന് പറയുന്നു. ഈ സമയത്ത് ജാതകന്‍ ജയില്‍ വാസം, കോടതി, പോലിസ് സ്റ്റേഷന്‍ കയറി ഇറങ്ങേണ്ടി വരിക, കഠിനമായ അസുഖങ്ങള്‍ ഉണ്ടാവുക, നാട് വിട്ട് പോകേണ്ടി വരിക, കഷ്ട നഷ്ടങ്ങള്‍ ഉണ്ടാവുക മുതലായവ സംഭവിക്കാവുന്നതാണ്. 


Copy Code