തിരുവാതിര



മംഗല്യവതികളായ സ്ത്രീകൾ നെടുമംഗല്യത്തിനു വേണ്ടിയും കന്യകമാർ
 വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതംഎടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ,തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാനചടങ്ങുകൾ.   ആഘോഷങ്ങളിലൊന്നാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം. ഹൈന്ദവവിശ്വാസമനുസരിച്ച് ഈ നക്ഷത്രം പരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്. “ധനുമാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ“ എന്ന് തിരുവാതിരപ്പാട്ടുണ്ട്. ഡിസംബർ 15നും ജനുവരി 15നും ഇടയ്ക്കായിട്ടാ‍ണ് തിരുവാതിര വരുന്നത്.
പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഏതെങ്കിലും ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ആഘോഷം ചുരുക്കം ചില കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും  മാത്രം ഒതുങ്ങി നിൽക്കുന്നു.
തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. ഇന്ദ്രദേവാദികൾ പാലാഴിമഥനം നടത്തിയപ്പോൾ നാഗരാജാവ് വാസുകിയുടെ വായിൽനിന്ന് പുറത്തുവന്ന കാളകൂടവിഷം ഭൂമിയിൽ വീണ് ഭൂമി നശിക്കാതിരിക്കാൻ ദേവന്മാർ ശിവനോട് സഹായം അഭ്യർത്ഥിക്കുകയും ശിവൻ ആ വിഷം വിഴുങ്ങുകയും, ശിവനു അത് വിഴുങ്ങിയിട്ട് കുഴപ്പം ഇല്ലാതിരിക്കാൻ പാർവ്വതീദേവി ശിവന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാർഥിച്ചു എന്നതാണ് ഒരു കഥ. തിരുവാതിര ആഘോഷത്തിൽ ഉറക്കമൊഴിക്കൽ വന്നത് അങ്ങനെ ആണത്രേ.
പരമശിവന്റെ ഭാര്യയായ സതീദേവിയുടെ പിതാവ് ദക്ഷൻ നടത്തിയ യാഗത്തിൽ പരമശിവനെ വിളിക്കാതിരുന്നിട്ടും സതീദേവിയുടെ നിർബന്ധത്തിനു വഴങ്ങി ശിവൻ യാഗത്തിൽ പങ്കെടുക്കാൻ ചെല്ലുകയും ദക്ഷൻ അവിടെ വെച്ച് ശിവനെ അപമാനിക്കുകയും ചെയ്തു. അതിൽ വിഷമിച്ച് സതീദേവി ദേഹത്യാഗം ചെയ്യുകയും അതിനു ശേഷം ശിവൻ ഹിമാലയത്തിൽ പോയി തപസ്സാരംഭിക്കുകയും ചെയ്തു. സതീദേവി ഹിമവാന്റെ പുത്രി പാർവതി ആയിട്ട് പുനർജ്ജനിക്കുകയും ശിവനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് നിശ്ചയിച്ച് തപസ്സു ചെയ്യുന്ന ശിവനെ പ്രാർഥിക്കുകയും പരിചരിക്കുകയും ചെയ്തു. ആ സമയത്ത് താരകാസുരൻ എന്ന അസുരന്റെ ശല്യം കാരണം വിഷമിച്ച ദേവാദികൾ ബ്രഹ്മാവിനോട് ഉപദേശം തേടുകയും ശിവനും പാർവതിക്കും ജനിക്കുന്ന പുത്രൻ നരകാസുരനെ വധിക്കും എന്ന് വരം കൊടുക്കുകയും ചെയ്തു. കാമദേവൻ ശിവന്റെ തപസ്സ് മുടക്കാനായി ചെല്ലുകയും ദേഷ്യം വന്ന ശിവൻ തൃക്കണ്ണ് തുറന്ന് കാമദേവനെ ചുട്ടെരിക്കുകയും , കാമദേവന്റെ ഭാര്യയായ രതീദേവി ആഹാരവും ജലപാനവും ഉപേക്ഷിച്ച് പ്രാർഥിക്കുകയും ഉണ്ടായി. ഇതിന്റെ ഓർമ്മയ്ക്കായിട്ടാ‍ണത്രേ നോയമ്പ്.
പരമശിവനും പാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്.
Copy Code