മഹാലക്ഷ്മീ യോഗം.


ജീവിതത്തില്‍ ധനപരമായി സമ്പന്നത അനുഭവിക്കുന്നവരുണ്ട്. ശരാശരി സാമ്പത്തിക നിലവാരം പുലര്‍ത്തുന്നവര്‍ ഉണ്ട്. തീരെ ദരിദ്രമായ സ്ഥിതിയില്‍ ജീവിക്കുന്നവരും ഉണ്ട്. ഒരേ വ്യക്തി തന്നെ ജീവിതത്തില്‍ ഈ മൂന്നു സാഹചര്യങ്ങളില്‍ കൂടിയും കടന്നു പോയി എന്നും വരാം.

എങ്കില്‍ മറ്റു ചിലര്‍ ജീവിതത്തില്‍ മുഴുവന്‍ ഒരേപോലെ സമ്പന്നമായ അവസ്ഥയില്‍ ജീവിക്കുന്നു. ജ്യോതിഷ പ്രകാരം പറയുമ്പോള്‍ അങ്ങനെ ഉള്ളവര്‍ക്ക് അവരുടെ ഗ്രഹനിലയില്‍ ചില പ്രത്യേക ഗ്രഹസ്ഥിതികള്‍ ഉണ്ടായിരിക്കും. അതിനാണ് ഗ്രഹയോഗം എന്ന് പറയുന്നത്. അത്തരത്തില്‍ പെട്ട ഒരു പ്രധാന യോഗമാണ് മഹാലക്ഷ്മീ യോഗം.

എന്താണ് മഹാലക്ഷ്മീ യോഗം?

ജാതകത്തില്‍ ഒന്‍പതാം ഭാവത്തിന്റെ അധിപനെ ഭാഗ്യാധിപന്‍ എന്ന് വിളിക്കുന്നു. ശുക്രന്‍ ഭാഗ്യ കാരകത്വം ഉള്ള ഗ്രഹമാണ്. ഒരാളുടെ സമയം നന്നാവുമ്പോള്‍ അവന് ഇപ്പോള്‍ ശുക്രദശയാണ് എന്നൊക്കെ  സാമാന്യജനം പറയുന്നത് കേട്ടിട്ടില്ലേ? ഭാഗ്യാധിപനും ശുക്രനും ഉച്ച ക്ഷേത്രങ്ങളിലോ സ്വക്ഷേത്രങ്ങളിലോ സ്ഥിതിയോടെ കേന്ദ്രത്തിലോ, ത്രികോണ ഭാവങ്ങളിലോ നിന്നാല്‍ മഹാലക്ഷ്മീ യോഗം ഭവിക്കുന്നു. ഇവിടെ ഒരു പ്രത്യേകത ഉള്ളത്, ഭാഗ്യാധിപന്‍ കേന്ദ്രത്തില്‍ ആണെങ്കില്‍ ശുക്രനും കേന്ദ്രത്തില്‍ ആയിരിക്കണം എന്നുള്ളതാണ്. അതുപോലെ ഭാഗ്യാധിപന്‍ ത്രികോണ ഭാവത്തില്‍ ആണെങ്കില്‍ ശുക്രനും ത്രികോണത്തില്‍ ആയിരിക്കണം. ഒന്ന്,  നാല്, ഏഴ്, പത്ത് എന്നീ രാശികള്‍ ആണ് കേന്ദ്ര രാശികള്‍. അഞ്ച്, ഒന്‍പത് എന്നിവ ത്രികോണ രാശികള്‍ ആകുന്നു.

മഹാലക്ഷ്മീ യോഗഫലം.

ധന ധാന്യ സമൃദ്ധി, ധാരാളം വാഹനങ്ങള്‍, സുന്ദരിയും സുശീലയും അനുരൂപയുമായ പത്നി, മനോഹരമായ ഗൃഹം , എല്ലായ്പ്പോഴുമുള്ള ഐശ്വര്യം മുതലായവ ഈ യോഗത്തിന്റെ ഫലമാകുന്നു.

Copy Code