ദുര്‍ഗാഷ്ടമി

ശരത്കാലത്തെ ആദ്യത്തെ അഷ്ടമിയാണ് ദുര്‍ഗാഷ്ടമി. ദേവി ദുര്‍ഗയായി അവതരിച്ച ദിവസമായതുകൊണ്ടാണ് ഈ ദിവസം ദുര്‍ഗാപൂജ നടത്തുന്നത്. ശ്രീരാമന്‍ രാവണനെ നിഗ്രഹിക്കുന്നതിന് ദുര്‍ഗാദേവിയുടെ അനുഗ്രഹം വാങ്ങി യാത്ര തിരിച്ചത് ആ ദിവസം ആയതിനാലാണ് ദുര്‍ഗാഷ്ടമി എന്ന പേരില്‍ ഈ ദിവസം പ്രസിദ്ധമായത് എന്നൊരു ഐതിഹ്യവും നിലവിലുണ്ട്.
നവരാത്രികാലത്താണ് ഈ അനുഷ്ഠാനപൂജ നടത്തുന്നത്. ആശ്വിനമാസത്തിലെ പ്രതിപദം മുതല്‍ നവമി (മഹാനവമി) വരെയുള്ള ഒന്‍പത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷം. പത്താം ദിവസമായ വിജയദശമി ദിനത്തില്‍ രാവിലെ പൂജ തുടങ്ങുകയും കുട്ടികളെ വിദ്യാരംഭത്തിന് ഇരുത്തുകയും ചെയ്യുന്നു. വിദ്യാരംഭത്തിന് വിശേഷദിവസമാണ് വിജയദശമി. ദുര്‍ഗാഷ്ടമി, മഹാനവമി എന്നീ ദിവസങ്ങളില്‍ ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജവയ്ക്കുകയും സരസ്വതീപൂജയോടനുബന്ധമായി ആയുധപൂജ നടത്തുകയും ചെയ്തുവരുന്നു. മഹിഷാസുരമര്‍ദിനി ആയ ദുര്‍ഗയും വിദ്യാദേവതയായ സരസ്വതിയും (കാളിയും പാര്‍വതിയും) ഒരേ ദേവിയുടെതന്നെ മൂര്‍ത്തിഭേദങ്ങളാണ്.
ഭാരതത്തിലെ മിക്ക പ്രദേശങ്ങളിലും ദുര്‍ഗാഷ്ടമിപൂജ നടത്തിവരുന്നു. ദുര്‍ഗയുടെ രൂപംതന്നെയായ സരസ്വതീദേവിയെയാണ് കേരളത്തില്‍ ആരാധിക്കുന്നത്. കേരളത്തില്‍ ഭൂരിപക്ഷംപേരും പൂജവയ്ക്കുന്നത് ദുര്‍ഗാഷ്ടമി ദിവസത്തിലാണ്.

ഇന്നു വൈകിട്ടാണ് പൂജ വയ്ക്കേണ്ടത്. മഹാനവമി ദിനമായ നാളെ രാവിലെ പൂജ വയ്ക്കുന്നതും ഉത്തമമാണ്. ദുർഗ്ഗാഷ്ടമിക്ക് ക്ഷേത്രത്തിലോ, ഗൃഹത്തില്‍ ആണെങ്കില്‍ സരസ്വതി വിഗ്രഹമോ ചിത്രമോ വച്ച് അതിനു മുന്നിലാണ് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്ക്കുന്നത്. ദുർഗ്ഗാഷ്ടമിക്ക് സന്ധ്യാപൂജയും മഹാനവമിയ്ക്ക്  ത്രികാലപൂജയും വിജയദശമിയ്ക്ക് പ്രഭാതപൂജയും വേണം. 


തൊഴിലാളികൾ പണിയായുധങ്ങളും  കർഷകർ കലപ്പയും  എഴുത്തുകാര്‍  പേനയും നർത്തകിമാര്‍  ചിലങ്കയും കുട്ടികൾ പാഠപുസ്തകങ്ങളും ദേവിക്കു മുന്നിൽ പൂജയ്ക്കായി സമർപ്പിക്കുന്നു. ഇത്തവണത്തെ അഷ്ടമി ഇന്ന് ഉച്ചയ്ക്ക് 1.30 തുടങ്ങി നാളെ ഉച്ചയ്ക്ക് 12 വരെയാണ്. അതുകൊണ്ടു തന്നെ ഇന്നു വൈകിട്ടും നാളെ രാവിലെയും പൂജവയ്പ്പു നടത്താം. വിജയദശമി ദിവസമായ ഒക്ടോബർ മൂന്നിനാണ് പൂജയെടുപ്പും വിദ്യാരംഭവും. നവരാത്രിക്കാലത്ത്‌ ലക്ഷ്മി, ദുർഗ, സരസ്വതി എന്നീ ദേവിമാരെയാണ്‌ പൂജിക്കുന്നത്. ഇച്ഛാ ശക്തി, ക്രിയാശക്തി, ജ്‌ഞാനശക്തി എന്നിങ്ങനെ മൂന്നു തരത്തിലാണ്‌ പരാശക്തിയുടെ പ്രഭാവം. വിജയദശമി ദിവസം അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ പ്രത്യേക മുഹൂത്തം കുറിക്കേണ്ട കാര്യമില്ല.
Copy Code