ലഗ്ന വിശേഷം

ജാതകത്തില്‍ പന്ത്രണ്ടു ഭാവങ്ങളിലും വച്ച് പ്രത്യേകം പ്രാധാന്യത്തോടു കൂടി ചിന്തിക്കേണ്ടവയാണു ലഗ്നം, ഒന്‍പത്, അഞ്ച് എന്നീ  ഭാവങ്ങള്‍. ഈ ഭാവങ്ങളെ കൊണ്ട് ചിന്തിച്ച് അറിയേണ്ട കാര്യങ്ങള്‍  ഒരാളുടെ ജീവിത അനുഭവങ്ങളില്‍  മറ്റെന്തിനേക്കാളും വലിയ സ്വാധീനം ചെലുത്തുന്നു എന്നതു കൊണ്ടാണ് ഈ ഭാവങ്ങള്‍ക്ക് ഇത്രയേറെ പ്രാധാന്യം കല്‍പ്പിക്കുന്നത്. ഇപ്പഞ്ഞതായ മൂന്ന് ഭാവങ്ങളിലും പ്രധാനപ്പെട്ടത് ലഗ്നമാണ്. എന്താണു ലഗ്നം? ഓരോ  ദിവസം പന്ത്രണ്ടു രാശികള്‍ ഉദിച്ച് അസ്തമിക്കുന്നു. മേടമാസത്തില്‍ സൂര്യന്‍ മേടം രാശിയില്‍ ആയിരിക്കും. മേടമാസത്തില്‍ സൂര്യോദയം മേടം രാശിയില്‍ ആണ് വരുന്നത്. അതായത് ഉദയ രാശി മേടം. തുടര്‍ന്ന്‍ ഇടവം, മിഥുനം,കര്‍ക്കിടകം ഈ ക്രമത്തില്‍ ഓരോ രാശികള്‍ ഉദിക്കുന്നു.ഇതില്‍ ഏതു രാശി ഉദിക്കുമ്പോഴാണോ ഒരാള്‍ ജനിക്കുന്നത് അതിനെ ലഗ്നമെന്നു പറയുന്നു.
ജാതക ഗണനയില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ്  ലഗ്ന നിര്‍ണയം. ലഗ്നമാണ്  ജാതകത്തിലെ ഒന്നാം ഭാവം. ലഗ്നം മുതല്‍ എണ്ണിയാണ് പന്ദ്രണ്ടു ഭാവങ്ങളെയും നിര്‍ണ്ണയി ക്കുന്നത്. അതിനാല്‍ തന്നെ ലഗ്നം മാറിയാല്‍ ജാതകമേ മാറും.

ഗ്രഹനിലയില്‍ ലഗ്നത്തെ "ല" എന്ന അക്ഷരം കൊണ്ട്  സൂചിപ്പിക്കുന്നു. ഉദാഹരണമായി ഒരാളുടെ ലഗ്നം മേടം ആണ് എങ്കില്‍ ഇപ്രകാരം സൂചിപ്പിക്കാം.



ലഗ്നം വ്യക്തിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. ആയുസ്സ്, കാരം, ദേഹഭംഗി, ആരോഗ്യം, ഓജസ്സ് , ഐശ്വര്യം, ആത്മബലം, ജയപരാജയങ്ങള്‍ എന്നീ കാര്യങ്ങളെല്ലാം ചിന്തിക്കുന്നത് ലഗ്നം കൊണ്ടാണ്. ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നതില്‍ സവിശേഷമായി  വരുന്നത് ഏത് രാശി ലഗ്നമായി വരുന്നു എന്നതും ലഗ്നത്തിന്റെയും ലഗ്നാധി പന്റെയും അവസ്ഥയെയും അനുസരിച്ചായിരിക്കും.
"ലഗ്നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
സ്വോച്ചഭേ വാ സ്വഭേ വാ
കേന്ദ്രാദന്യത്ര സംസ്ഥേ നിധനഭവനപേ
സൌെമ്യയുക്തേ വിലഗ്നേ
ദീര്‍ഘായുഷ്മാന്‍ ധനാഢ്യോ മഹിതഗുണയുതോ
ഭൂമിപാലപ്രശസ്തോ
ലക്ഷ്മീവാന്‍ സുന്ദരാംഗോ ദൃഢതനുരഭയോ
ധാര്‍മികസ്സല്‍ക്കുടുംബീ"
ലഗ്നാധിപന്‍ കേന്ദ്രത്രികോണങ്ങളിലോ ധാരാളം  രശ്മികളോടു കൂടിയോ, ഉച്ച-സ്വക്ഷേത്രങ്ങളില്‍  നില്‍ക്കുകയോ എട്ടാം ഭാവാധിപന്‍ കേന്ദ് രാശികളില്‍ അല്ലാതെ  നില്‍ക്കുകയോ ലഗ്നത്തില്‍  ശുഭഗ്രഹ സ്ഥിതിയോ  വന്നാല്‍, ദീര്‍ഘായുഷ്മാനായും ധനം ധാരാളം ഉള്ളവനായും വര്‍ദ്ധിച്ച ഗുണങ്ങളോടു കൂടിയവനായും രാജാവിനെപോലെ കീര്‍ത്തിയോടു കൂടിയവനായും ദൃഢശരീരനായും നിര്‍ഭയനായും ധാര്‍മികനായും  കുടുംബപ്രതാപങ്ങളോടു കൂടിയവനായും ഭവിക്കും.
ലഗ്നഭാവത്തിന്റെ കാരകനാണ് സൂര്യന്‍. അതിനാല്‍ ലഗ്നത്തെ ചിന്തിക്കുന്നതോടൊപ്പം ആദിത്യന്റെ   ബലവും സ്ഥിതിയും  പ്രത്യേകം ചിന്തിക്കണം. സൂര്യന്റെ ബലം ലഗ്നഭാവത്തെ പുഷ്ടിപ്പെടുത്തുന്നതാണ്.  ലഗ്നാധിപനായ ഗ്രഹം ലഗ്നഭാവത്തെ നോക്കിയാല്‍ അത്  രാജയോഗമാണ്.
സ്ത്രീജാതകത്തില്‍, ചന്ദ്ര ശുക്രന്മാര്‍  ഒരുമിച്ച് ലഗ്നത്തില്‍ നിന്നാല്‍ വളരെ സൌന്ദര്യവതിയായും ഗുരുബുധന്മാര്‍ ഒരുമിച്ച് ലഗ്നത്തില്‍ നിന്നാല്‍ വിദ്യാ ഗുണം  നല്ലതു പോലെ ഉള്ളവളായും ബുധഗുരുശുക്രന്മാര്‍ ഒരുമിച്ച് ലഗ്നത്തില്‍ നിന്നാല്‍ സര്‍വ ഗുണ സമ്പന്നയായും ഭവിക്കും.

ലഗ്ന രാശിയോ ലഗ്ന നവാംക രാശിയോ ഓജ രാശിയായാല്‍ പുരുഷ ജനനത്തെയും യുഗ്മ രാശിയായാല്‍ സ്ത്രീ ജനനത്തെയും പറയാം.പുരുഷ ജനനത്തിന് ലഗ്നം ഒരിക്കലും യുഗ്മ രാശിയില്‍ അംശിക്കുകയില്ല എന്നാണ് പ്രമാണം. അതുപോലെ സ്ത്രീ ജനനത്തിന് ലഗ്നം ഒരിക്കലും ഓജരാശിയിലും അംശിക്കുകയില്ല. അങ്ങനെയല്ലാതെ വന്നാല്‍ജനന സമയം സൂക്ഷ്മമല്ലെന്നു കരുതണം. ഏതാനും വിനാഴികകളുടെ വ്യത്യാസം തിരുത്താ വുന്നതെയുള്ളൂ.
ബലവാനായിട്ടുള്ള ലഗ്നാധിപന്റെ ദശയില്‍ കീര്‍ത്തി, സുഖാനുഭവങ്ങള്‍, ആരോഗ്യ പുഷ്ടി, ധന ലാഭം,പ്രതാപം, തുടങ്ങിയ ഗുണഫലങ്ങളും ബലഹീനനായ ലഗ്നാധിപന്റെ ദശയില്‍ സ്ഥാന ഭ്രംശം,ശത്രു ഭയം, പലതരത്തിലുള്ള ആപത്തുകള്‍ തുടങ്ങിയ ദോഷഫലങ്ങളും അനുഭവിക്കാം. ലഗ്നാധിപനും ലഗ്നാധിപ ദേവതയ്ക്കും മറ്റും  പരിഹാര കര്‍മങ്ങള്‍ അനുഷ്ടിച്ച്   ദോഷഫലങ്ങള്‍ കുറയുകയും ചെയ്യാം.




Copy Code