ശുഭകാര്യങ്ങള്‍ക്ക് അഭിജിത്ത് മുഹൂര്‍ത്തം

ഹൈന്ദവാചാരം അനുസരിച്ച്  ശുഭകര്‍മങ്ങള്‍ക്ക്  നല്ല മുഹൂര്‍ത്തം നോക്കുക പതിവാണ്. ശരിയായ മുഹൂര്‍ത്തം നിര്‍ണയിക്കാന്‍ പരിണത പ്രജ്ഞനായ ഒരു ജ്യോതിഷിക്ക്  മാത്രമേ സാധിക്കൂ. വിവാഹം,ഉപനയനം മുതലായ സല്കര്‍മങ്ങള്‍ക്ക്  മുഹൂര്‍ത്തം ഗണിക്കുവാന്‍ നിശ്ചയമായും വിദഗ്ധ നിര്‍ദേശം ആവശ്യമാണ്‌.
എന്നാല്‍  മുഹൂര്‍ത്തം ഗണിക്കുവാന്‍ സാധിക്കാത്ത അവസരങ്ങളില്‍ വിവാഹം,ഉപനയനം മുതലായവ ഒഴിച്ചുള്ള ശുഭ കാര്യങ്ങള്‍ക്ക്  സ്വീകരിക്കാവുന്ന മുഹൂര്‍ത്തമാണ്  അഭിജിത്ത് മുഹൂര്‍ത്തം.
അഭിജിത്ത് മുഹൂര്‍ത്തം എന്നാല്‍ സൂര്യന്‍ മുഹൂര്‍ത്ത രാശിയുടെ പത്തില്‍ നില്‍ക്കുന്ന സമയമാണ്. സൂര്യന്‍ പത്താം ഭാവത്തില്‍ നില്‍ക്കുമ്പോള്‍ നാം ചെയ്യുന്ന പ്രവൃത്തി അതിന്റെ  ഉദ്ദേശി ക്കുന്ന  ഫലപ്രാപ്തിയില്‍ എത്തും എന്നാണ്  പ്രമാണം.

അഭിജിത്ത് മുഹൂര്‍ത്തം കണ്ടു പിടിക്കുന്നത് എങ്ങനെ?

ആദ്യമായി ദിനമദ്ധ്യം കണ്ടു പിടിക്കണം. സൂര്യോദയത്തിനും അസ്തമയത്തിനും ഇടയ്ക്കുള്ള സമയമാണ്  ദിനമാനം. ഈ ദിന മാനത്തിന്റെ നേര്‍ പകുതിയാണ്  ദിന മദ്ധ്യം. ദിനമധ്യത്തില്‍ നിന്നും 1 നാഴിക (24 മിനിറ്റ്)   കുറച്ചാല്‍  അഭിജിത്ത് മുഹൂര്തത്തിന്റെ ആരംഭവും, 1 നാഴിക കൂട്ടിയാല്‍ അവസാനവും ആയി. സൂക്ഷ്മ  ദിനമധ്യത്തിലുള്ള  4 മിനിറ്റ്  (10 വിനാഴിക) ഒഴിവാക്കണം.

ഉദയം രാവിലെ ആറു മണിക്കും അസ്തമയം വൈകിട്ട് ആറു മണിക്കും ആയാല്‍ ദിനമാനം 12 മണിക്കൂര്‍. ദിനമാനത്തിനെ പകുതി  6 മണിക്കൂര്‍. 
അഭിജിത്ത്  = ഉദയം + ദിനമാനത്തിന്റെ പകുതി 
                        6 am + 6 മണിക്കൂര്‍ = 12 pm 
അഭിജിത്ത് ആരംഭം = 12  - 24മിനിറ്റ്  = 11.36 am 
അഭിജിത്ത്  അവസാനം 12 + 24 മിനിറ്റ് = 12.24 pm 
സൂക്ഷ്മ മധ്യാഹ്നത്തില്‍ 4 മിനിറ്റ്  ഒഴിവാക്കണം (11.58 മുതല്‍ 12.02 വരെ )
അപ്പോള്‍  അന്നത്തെ  അഭിജിത്ത്  മുഹൂര്‍ത്തം എന്നത് 11.36 am  മുതല്‍ 11.58 വരെയും 
12.02 pm മുതല്‍ 12.24 pm വരെയും ആകുന്നു.
ഉദയാസ്തമയങ്ങളുടെ  വ്യത്യാസം അനുസരിച്ച്  ഈ കണക്ക്  സൂക്ഷ്മപ്പെടുതിയാല്‍  ഏതു ദിവസത്തെയും അഭിജിത്ത്  മുഹൂര്‍ത്തം കണ്ടുപിടിക്കാം.ഭഗവാന്‍ പരമശിവന്‍ ത്രിപുരാസുരനെ വധിച്ചത്  ഈ പുണ്യ മുഹൂര്‍ത്തത്തിലാണ്  എന്ന്‍  കരുതുന്നു. ബുധനാഴ്ച ദിവസം  രാഹുകാല സ്പര്‍ശം വരും എന്നതിനാല്‍ അഭിജിത്ത് മുഹൂര്‍ത്തത്തിന്  പരിഗണിക്കാറില്ല.


Copy Code