വിവാഹ പൊരുത്തശോധനയില്‍ സ്ത്രീ പുരുഷന്മാരുടെ ജന്മകൂറുകള്‍ പരസ്പരം ആറിലും എട്ടിലും ആയി വരുന്നതാണ് ഷഷ്ഠാഷ്ടമദോഷം.
ഷഷ്ഠം എന്നാല്‍ ആറ്. അഷ്ടമം എന്നാല്‍ എട്ട്. വിവാഹപ്പൊരുത്തചിന്തയില്‍ സ്ത്രീയുടെ കൂറ് മുതലാണ് ഇത് പരിശോധിക്കുന്നത്. അതായത്, സ്ത്രീയുടെ കൂറ് മുതല്‍ ആറില്‍ (ഷഷ്ഠം) നില്‍ക്കുന്ന പുരുഷനാണെങ്കില്‍, പുരുഷന്‍റെ കൂറില്‍ നിന്നും പ്രസ്തുത സ്ത്രീയുടെ കൂറ് എട്ടില്‍ (അഷ്ടമം) വരും.അതാണ് ഷഷ്ഠാഷ്ടമം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
എന്നാല്‍ ഷഷ്ഠാഷ്ടമദോഷത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി പ്രത്യേകം കണക്കിലെടുക്കണം.
സ്ത്രീയുടെ ചന്ദ്രന്‍ നില്‍ക്കുന്നത് ഓജരാശികളായ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നിവയിലൊന്നില്‍ നിന്നാല്‍ അതിന്‍റെ ആറില്‍ നില്‍ക്കുന്ന പുരുഷനെ ഷഷ്ഠാഷ്ടമദോഷം പറഞ്ഞ് ഒഴിവാക്കേണ്ടതില്ല. മദ്ധ്യമം ആയി സ്വീകരിക്കാം.
യുഗ്മരാശികളായ ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നീ കൂറുകളിലെ സ്ത്രീകള്‍ക്ക് അതിന്‍റെ ആറാംകൂറില്‍ നില്‍ക്കുന്ന പുരുഷന്‍ ശുഭമല്ല.
എന്നാല്‍, രാശ്യാധിപപ്പൊരുത്തം, രാശ്യാധിപന്മാര്‍ തമ്മില്‍ ബന്ധുത്വം, വശ്യപ്പൊരുത്തം, വേധമില്ലാത്ത നക്ഷത്രങ്ങള്‍ എന്നിവ വന്നാല്‍ ഷഷ്ഠാഷ്ടമദോഷം ചിന്തിക്കേണ്ടതില്ല.
സ്ത്രീയുടെ കൂറില്‍ നിന്നും 2,3,5,6 എന്നീ കൂറുകളില്‍ നില്‍ക്കുന്ന പുരുഷന്‍ വര്‍ജ്ജ്യനാണെങ്കിലും മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൂടി പൊരുത്തം നോക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.