ഭാഗവതകീർത്തനം


പ്രഥമപാദം


കരളിൽ വിവേകം കൂടാതെ ക-
ണ്ടൊരുനിമിഷം ബത! കളയരുതാരും;
മരണം വരുമെന്നു നിനച്ചിഹ
കരുതുക സതതം നാരായണ! ജയ

കാണുന്നൂ ചിലർ പലതുമുപായം;
കാണുന്നില്ല മരിക്കുമിതെന്നും;
കാൺകിലുമൊരുനൂറ്റാണ്ടിനകത്തി-
ല്ലെന്നേ കാണൂ നാരായണജയ.

കിമപി! വിചാരിച്ചീടുകിൽ മാനുഷ-
ജന്മനി വേണം മുക്തിവരേണ്ടുകിൽ;
കൃമിജന്മത്തിലുമെളുതായ് വരുമീ-
വിഷയസുഖം ബത!നാരായണജയ.

കീഴിൽ ചെയ് ത ശുഭാ ശുഭകർമ്മം
മേലിൽ സുഖദുഃഖത്തിനുകാരണം;
സുഖമൊരു ദുഃഖം കൂടാതേ ക-
ണ്ടൊരുവനുമുണ്ടോ നാരായണ! ജയ.

കുന്നുകൾപോലേ ധനമുണ്ടാകിലു-
മിന്ദ്രനു സമമായ് വാണീടുകിലും
ഒന്നുരിയാടുവതിന്നിട കിട്ടാ
വന്നാൽ യമഭടൻ; നാരായണ! ജയ.

കൂപേ വീണുഴലുന്നതുപോലെ
ഗേഹേ വീണുഴലുന്ന ജനാനാം
ആപദ്ഗണമകലേണ്ടുകിൽ മുനിജന-
വാക്കുകൾ പറയാം നാരായണ ജയ.

കെട്ടുകളായതു കർമ്മം; പുരുഷനു
കെട്ടുകളറ്റേ മുക്തി വരൂ ദൃഢം;
കെട്ടുകളോ ഫലഭുക്ത്യാ തീരും;
കേട്ടായിനിയും നാരായണ! ജയ

കേൾക്കണമെളുതായുണ്ടു രഹസ്യം;
ദുഷ് കൃതവും നിച സുകൃതവുമെല്ലാം
കാൽക്കൽ നമസ് കൃതി ചെയ്തു മുകുന്ദനി-
ലാക്കുക സതതം; നാരായണ ജയ.

കൈയിൽ വരുന്നതുകൊണ്ടു ദിനങ്ങൾ
കഴിക്ക; ഫലം പുനരിച്ഛിക്കൊല്ലാ;
കൈവരുമാകിലുമിന്ദ്രന്റെ പദ-
മെന്തിനു? തുശ്ചം! നാരായണ ജയ.

കൊടിയ തപസ്സുകൾ ചെയ് തോരോ ഫല-
മിച്ഛിച്ചീടുകിൽ മുക്തി വരാ ദൃഢം;
അടിമലർ തൊഴുകിലൊരിച്ഛാഹീനം
മുക്തന്മാരവർ നാരായണ! ജയ.

കോപം കൊണ്ടു ശപിക്കരുതാരും
ഭഗവന്മയമെന്നോർക്ക സമസ്തം;
സുഖവും ദുഃഖവുമനുഭവകാലം
പോയാൽ സമമിഹ; നാരായണ ജയ.

കൗതുകമൊന്നിലുമില്ലിനി; മഹതാം
ഭഗവത് ഭക്തന്മാരൊടു കൂടി
ഭഗവത് ഗുണകഥ ശ്രവണങ്ങ-
ളൊഴിഞ്ഞൊരുനേരം, നാരായണ! ജയ.

കരുണാകരനാം ശ്രീനാരായണ-
നരുളീടും നിജസായൂജ്യത്തെ;
ഒരു ഫലമുണ്ടോ പതിനായിരമുരു
ചത്തു പിറന്നാൽ, നാരായണ! ജയ.

ബഹു ജന്മാർജ്ജിത കർമ്മമശേഷം
തിരുമുൽ‍ക്കാഴ്ച്ച നിനക്കിഹ വച്ചേൻ;
ജനിമരണങ്ങളെനിക്കിനിവേണ്ടാ;
പരിപാലയമാം; നാരായണ! ജയ.

ദ്വിതീയ പാദം


അച്യുതന്റെ ഗുണം കേട്ടു കേട്ടാവോള-
മിച്ഛ മറ്റൊന്നിലും കൈവരാ നിർണ്ണയം
വിശ്വനഥോദയം കേൾപ്പതിന്നും മഹാ
പാപികൾക്കെത്തുമോ! കൃഷ്ണരാമാ ഹരേ.

ആഭിമുഖ്യം വരും പുണ്യപൂരത്തിനാ-
ലാദിനാഥൻ കൃപാലേശമുള്ളോർക്കുടൻ
ശാപമുണ്ടായശേഷം പരീക്ഷിത്തിന-
ങ്ങേശിപോൽ പണ്ടതും കൃഷ്ണരാമാ ഹരേ!

ഇന്നൃപൻ പാണ്ഡവന്മാരുടെ പൗത്രനാം
ഭാരതേ സംഗരേ മാതൃ ഗർഭസ്ഥിതൻ
വന്ന ബ്രഹ്മാസ്ത്രതേജസ്സു തട്ടാതെ ശ്രീ
കൃഷ്ണനാൽ പാലിതൻ കൃഷ്ണരാമാഹരേ!

ഈശ്വരാധീനമെന്നോർത്തു വിശ്വം നൃപൻ
വിശ്വസിച്ചു സദാ തൽ പദാംഭോരുഹം
വിശ്വരക്ഷാവിധൗ വിഷ്ണുവെന്നിത്ര ന
ന്നാരുമോർത്തില്ലഹോ! കൃഷ്ണരാമാഹരേ!

ഊഢമോദേന നായാട്ടിനായ് പോയവൻ
കാട്ടിലെങ്ങും നടന്നാർത്തിദാഹങ്ങളാൽ
ആശ്രമേ ചെന്നു കണ്ടാമ്മുനിപ്രൗഢനേ
ധ്യാനമാർ ഗ്ഗസ്ഥിതം കൃഷ്ണരാമാഹരേ!

എത്രയും കള്ളനത്രേ മഹായോഗിപോ-
ലിത്ര വെള്ളം കൊടാ ദാഹമുള്ളോർക്കിവൻ
ഇത്ഥമുള്ളിൽ ക്രൂധാ ചത്തപാമ്പൊന്നെടു-
ത്തിട്ടവൻ മെയ്യിലേ കൃഷ്ണരാമാഹരേ

ഏറ്റവും കോപമുൾക്കൊണ്ടു തൽ പുത്രന-
ങ്ങൂറ്റമായോരു ശാപം കൊടുത്തു ബലാൽ
ധൂർത്തനാം ഭൂപനെത്തക്ഷകൻ താൻ കടി-
ച്ചീടുമേഴാംദിനേ കൃഷ്ണരാമാഹരേ!

ഐഹികംതന്നിലുള്ളാഗ്രഹം പോക്കുവാൻ
ഈശ്വരൻ താൻ വരുത്തീ നൃപന്നിക്രിയ
അപ്പൊഴേ താൻ പിഴച്ചെന്നു തദ്ബാലകൻ
തൽ പുരം പുക്കുപോൽ കൃഷ്ണരാമാഹരേ!

ഒന്നുകൊണ്ടും നമുക്കിന്നിവയ്യാ വിപ-
ത്തിന്നുതന്നേ വരുത്തേണമേ തൽ ഫലം
ഇന്നുഞാൻ നിന്ദ്യനാകാനഹോ! കാരണം
ശാപശക്തി ബത! കൃഷ്ണരാമാഹരേ!

ഓർത്തിവണ്ണം തപിക്കും വിധൗ ഭൂമിപൻ
ശാപമാകർണ്യ കർ ണ്ണാഗതം തൽക്ഷണം
തീർത്തുവച്ചാൻ ത്രിലോകത്തിലുള്ളാഗ്രഹം
പാർത്ഥവംശോത്‍ഭവൻ കൃഷ്ണരാമാഹരേ!

ഔരസേ വച്ചു ഭൂരക്ഷയാം ഭാരവും
മാനസേ വച്ചു ഗോവിന്ദ പാദാംബുജം
ചാരുഗംഗാതടം പുക്കിരുന്നീടിനാൻ
ചേരുവാൻ ത്വൽ പദം കൃഷ്ണരാമാ ഹരേ!

അക്ഷണം വന്ന നാനാമുനി‍പ്രൗഢരേ
സൽക്കരിച്ചാശു വന്ദിച്ചിരുത്തീ നൃപൻ
ത്വച്ചിലമ്പാമ്മുനി ശ്രേഷ്ഠനാം മുനിശുകൻ
തത്ര വന്നൂ തദാ കൃഷ്ണരാമാഹരേ!

കൃഷ്ണരാമാദി നാമങ്ങളോതായ്കിലോ
നിഷ് ഫലം ബ്രഹ്മജന്മം ലഭിച്ചാലതും
വിഷ്ണുലോകം ഗമിക്കും മഹാനീചനും
വിഷ്ണു സൽക്കീർ ത്തനാൽ കൃഷ്ണരാമാ ഹരേ!
ദ്വിതീയപാദം സമാപ്തം


തൃതീയ പാദം


അന്നേരം ഭക്ത്യാ വന്ദിച്ചിരുത്തിനാൻ
നന്നായ് വിഷ്ണുരാതൻ ബ്രഹ്മരാതനെ
ജന്മസാഫല്യമെന്തെന്നറിവാനായ്
നന്മ ചോദിച്ചാൻ കൃഷ്ണാഹരേ! ജയ

ആദിത്യനുദയേ തിമിരം പോലെ
ദൂരെനീങ്ങുന്നു മോഹം നമുക്കിപ്പോൾ
ആതുരാണാമനുഗ്രഹം നിങ്ങളിൽ
താനേ കൈവരും കൃഷ്ണാഹരേ ജയ.

ഇന്നെനിക്കു വിശേഷിച്ചു വേണ്ടതു
വന്നു കാരുണ്യത്തോടെ ഭവന്മാരേ!
ഒന്നുചൊല്ലേണമെന്തു പുരുഷനു
നല്ലതേറ്റവും കൃഷ്ണാഹരേ ജയ.

ഈവണ്ണമറിയിച്ചോരു ഭൂപന്റെ
ഭാവം കണ്ടരുൾ ചെയ്തു മുനിജനം
ഈവണ്ണമുള്ളോരുദ്യോഗമാത്മാവിൽ
കൈവിടാമോക്ഷം കൃഷ്ണാഹരേ ജയ.

ഉത്തമനിവൻ വിഷ്ണുഭക്തൻ തുലോം
ശുദ്ധചിത്തൻ വിരക്തൻ വിഷയത്തിൽ
എത്തുമിന്നു പരബ്രഹ്മസായൂജ്യം
പാർത്തിരിക്ക നാം കൃഷ്ണഹരേ ജയ.

ഊനംവരാ പരിജ്ഞാനവാരിധി
മാനിച്ചാ നൃപനോടരുളീ ശുകൻ
ജ്ഞാനിമാരാം മുനിമാരിലഗ്രണി
ജ്ഞാനമെത്രയും കൃഷ്ണാഹരേ ജയ.

എത്രയുംനന്നു വൈദുഷ്യം ഭൂപതേ!
പ്രശ്നമീവണ്ണം വേണ്ടൂ മഹാജനം
നിഷ് ഫലം ഭ്രമിച്ചീടുന്ന ഭൂപന്റെ
ലക്ഷണം നല്ലൂ കൃഷ്ണാഹരേ ജയ.

ഏതും താനറിയാതെ പഴുതേപോയ്
പാതിയായുസ്സും നിദ്രയായെന്തു നാം
പാതി മറ്റേതുമോരോ ദുരാഗ്രഹാൽ
പാപികൾക്കതും കൃഷ്ണാഹരേ ജയ.

ഐവരേയുമടക്കി മനക്കാമ്പിൽ
ദിവ്യവിഷ്ണുഭഗവാന്റെ രൂപത്തെ
ചൊവ്വിൽ കാണുന്നനേരമുണ്ടാനന്ദം
കൈവരും നൂനം കൃഷ്ണാഹരേ ജയ.

ഒന്നിതാത്മാവു കാണപ്പെടുന്നതും
എന്നു കാണുമ്പോൾ കാണാം ഭഗവാനേ
എന്നും ഗോവിന്ദാനുഗ്രഹം കൂടാതെ
വന്നിടാ മോക്ഷം കൃഷ്ണാഹരേജയ!

ഓതിടാം നാലുവേദങ്ങളും ധന്യ
യാഗം ദാനവും സന്യാസയോഗവും
ചേതസ്സിന്റെ മലം കളഞ്ഞീടുവാൻ
ഭക്തിയോടുടൻ കൃഷ്ണാഹരേ ജയ!

ഔദാര്യം ചേരും ദേഹഗേഹാദിയാൽ
മോഹം കൈവിട്ടു സജ്ജനസമ്പർക്കാൽ
സ്വാദുതോന്നി മുകുന്ദകഥാരസേ
ഭേദവും തോന്നാ കൃഷ്ണാഹരേ ജയ

അക്കഥകേൾക്ക കേൾപ്പിക്കയല്ലാതെ
ദുഷ് കഥകൊണ്ടു പൊക്കൊല്ലരക്ഷണം
അക്കർമ്മത്തോളം നന്നല്ലൊരു കർമ്മം
കർമ്മം ഛേദിപ്പാൻ കൃഷ്ണാഹരേ ജയ.
തൃതീയപാദം സമാപ്തം


ചതുർത്ഥപാദം


കല്യാണമാർന്ന ഹരിലീലാമൃതം നൃവര!
ചൊല്ലാം പറഞ്ഞതു ചെവിക്കൊൾകപാപഹരം
എല്ലാം പറഞ്ഞിടുവതില്ലാരുമെന്നറിക
നല്ലോരു വിഷ്ണുകഥ നാരായണാ‍യ നമഃ

കാര്യങ്ങൾ കർത്തൃകരണം കാരണം ക്രിയകൾ
കാല സ്വരൂപി ഹരിതന്റേ വിലാസമിതു
വീര്യങ്ങൾ ചേരുമവതാരങ്ങളുണ്ടു പല
കാര്യാനുരൂപിഹരി നാരായണായ നമഃ

കിട്ടാഞ്ഞു വേദമുഴലുന്നേരമാദികവി
പെട്ടെന്നു മത്സ്യവടിവായി കൃപാജലധി
പൃഷ്ഠേ ധരിച്ചു ജലധൗ കൂർമ്മരൂപി ദിവി
തട്ടും മഹാഗിരിയെ നാരായണായ നമഃ

കീറിക്കളഞ്ഞെകിറുകൊണ്ടമ്മഹാസുരനെ
വരാഹസിംഹമുയരത്താക്കി ഭൂമിയെയും
നാരായണാ‍ക്ഷരവിരോധിക്കു മൃത്യുനര-
സിംഹോ ദദൗ തദനു നാരായണായ നമഃ

കുറ്റം വരാതെ ബലിയാഗത്തിൽ മാണിവപു-
രറ്റം വരാതുലകു വീണ്ടേഷ മുച്ചുവടായ്
വില്ലാളിമാരെയുധി മൂവേഴുവട്ടമിഹ
കൊല്ലുന്ന രാമ ഹരി നാരായണായ നമഃ

കൂട്ടം നിശാചരരൊടേ രാവണാദികളെ
മൂട്ടോടു കൊല്ലുവതിനായി രഘുപ്രവരൻ
വാട്ടംവരാതെ ബലഭദ്രാകൃതിം തടവി
നാട്ടിന്നു നല്ലതിഹ നാരായണായ നമഃ

കെൽപേറിനോരു യദുവംശേ പിറന്ന ഹരി
മുപ്പാരുമേവ പരിപാലിച്ചു കൃഷ്ണഗാഥ
അപ്പാഴരെകലിയുഗാന്തേ വധിച്ചിടുവ-
തുൽ പന്നകല് ക്കിതനു നാരായണായ നമഃ

കേട്ടന്നരാധിപനീവണ്ണം രമേശകഥ
പെട്ടെന്നുറച്ചു ഭഗവദ്രൂപമുള്ളിലഥ
കഷ്ടം! കടിച്ചു മുനിവാക്യേന തക്ഷകനു-
മിഷ്ടം നൃപന്നതിഹ നാരായണായ നമഃ

കൈവല്യമായളവു വന്നന്നരാധിപനു
ദിവ്യം പെരുമ്പറ മുഴങ്ങീ ഗംഭീരരവം
ഈവണ്ണമില്ലൊരുവനെന്നും പുകഴ്ന്ന മുനി
വൃന്ദം നടന്നു ഹരിനാരായണായ നമഃ

കൊണ്ടാടുവോർക്കുമിതു കേൾക്കുന്നവർക്കുമുട
നുണ്ടായ്‌വരും ഗതി പരീക്ഷിത്തുപോലറിക
പണ്ടേമഹാമുനി ചമച്ചു പുരാണമതു
കൊണ്ടെന്നതോർക്ക ഹരി നാരായണായ നമഃ

കോർത്തോരു സൂക്തിമണിപോലുള്ള ഭാഗവത
മോർത്താലിതിന്നു സമമില്ലെന്നുമറിക!
തീർത്ഥങ്ങൾ കൊണ്ടു മൊഴിയാതുള്ള പാപമതു
തീർന്നിടുമെന്നറിക നാരായണായ നമഃ

കൗതുഹലം മനസിമറ്റൊന്നിലിത്ര നഹി
വേദാന്തസാരമതു കേൾപ്പുണ്ടു ഭാഗവതം
വേദം വ്യസിച്ച മുനി മോദം വരാഞ്ഞു പുന-
രേതച്ചകാര കില നാരായണായ നമഃ

കല്ലോലിനീരമണ കല്യാകൃതേ രുചിര-
ഫുല്ലാരവിന്ദരുചി ചേരും മുകുന്ദപദം
എല്ലാം പറഞ്ഞിടുവതില്ലാരുമെന്നറിക
ചൊല്ലാർന്നനന്തകഥ നാരായണായ നമഃ

നാരായണനമയെന്നുള്ള മന്ത്രപദ-
മാരെങ്കിലും ജപതു, ചേരും മുകുന്ദപദം
തീരാതെ സംസൃതിവിഷം തീരുമെന്നറിക
മാലോകരെ! ജപത നാരായണായ നമഃ

ഭാഗവതകീർത്തനം സമാപ്തം
Copy Code