വൈശാഖ മാസം

ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്ന വൈശാഖപുണ്യമാസം ഇന്ന് ആരംഭിക്കുന്നു. 
ഈശ്വരാരാധനയ്ക്ക് വിശിഷ്യാ വിഷ്ണു ആരാധനയ്ക്ക് ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാര്‍ത്തികം എന്നിവ.ഈ മൂന്നുമാസങ്ങളില്‍ അതിശ്രേഷ്ഠമാണ് വൈശാഖം.മാധവനായ വിഷ്ണുവിനു പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും വൈശാഖം അറിയപ്പെടുന്നു. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന മാസമാണു വൈശാഖം.
വിശാഖാതാരകായുക്താ വൈശാഖീ പൂര്‍ണ്ണിമാ ഭവേത്
സാ വൈശാഖീ യത്ര മാസി സ വൈശാഖഃ പ്രകീര്‍ത്തിതഃ
(ശബ്ദരത്‌നാവലി)
വൈശാഖീ പൗര്‍ണമാസീ ച സംയുതാ ച വിശാഖയാ
(ബൃഹദ്ധര്‍മ്മപുരാണം 15:25)
.

സ്‌കന്ദപുരാണം വൈഷ്ണവ ഖണ്ഡത്തിലെ വൈശാഖമാഹാത്മ്യം(25അദ്ധ്യായങ്ങള്‍),പദ്മ പുരാണം പാതാള ഖണ്ഡത്തിലെ വൈശാഖമാഹാത്മ്യം(21 അദ്ധ്യായങ്ങള്‍) എന്നിവ ഈ മാസത്തിന്റെ പവിത്രത വ്യക്തമാക്കുന്നു. ‘മാസാനാം ധര്‍മ്മ ഹേതൂനാം വൈശാഖശ്‌ചോത്തമം’ എന്നും ‘ന മാധവ സമോ മാസോ ന കൃതേന സമം യുഗം’ എന്നും ‘മാധവഃ പരമോ മാസഃ ശേഷശായിപ്രിയഃ സദാ’ എന്നും സ്‌കന്ദപുരാണം
(വൈശാഖമാഹാത്മ്യം 1:14, 2:1, 2:6). സര്‍വവിദ്യകളിലും ശ്രേഷ്ഠമായ വേദമെന്നതു പോലെ,സര്‍വമന്ത്രങ്ങളിലും ശ്രേഷ്ഠമായ പ്രണവമെന്നതു പോലെ, സര്‍വവൃക്ഷങ്ങളിലും ശ്രേഷ്ഠമായ കല്‍പവൃക്ഷമെന്നതു പോലെ, സര്‍വപക്ഷികളിലും ശ്രേഷ്ഠനായ ഗരുഡനെന്നതു പോലെ, സര്‍വനദികളിലും ശ്രേഷ്ഠയായ ഗംഗയെന്നതു പോലെ, സര്‍വ രത്‌നങ്ങളിലും ശ്രേഷ്ഠമായ കൗസ്തുഭമെന്നതു പോലെ, സര്‍വമാസങ്ങളിലും ശ്രേഷ്ഠമായത് വൈശാഖമാണ്.
വൈശാഖ മാസത്തിലെ മുപ്പത് ദിവസങ്ങളും പുണ്യദിനങ്ങളാണ്(ത്രിംശച്ച തിഥയഃ പുണ്യാ വൈശാഖേ മേഷഗേ രവൗ: വൈശാഖമാഹാത്മ്യം 22:2). ഈ മാസത്തില്‍ സ്‌നാനം, ദാനം, തപം, ഹോമം, ദേവതാര്‍ച്ചന തുടങ്ങിയ സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം(സ്‌നാനം ദാനം തപോ ഹോമോ ദേവതാര്‍ച്ചന സത്ക്രിയാഃ വൈശാഖമാഹാത്മ്യം22:4).വൈശാഖത്തിലെ സ്‌നാനം, ദാനം, വിഷ്ണുപൂജ എന്നിവയുടെ മഹിമ വ്യക്തമാക്കുന്ന നിരവധി കഥകള്‍ പദ്മ/സ്‌കന്ദ പുരാണങ്ങളില്‍ കാണാം.
വൈശാഖത്തില്‍ പ്രഭാതസ്‌നാനത്തിനു വളരെയധികം പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. മഹാവിഷ്ണു പ്രീതി നേടാന്‍  വൈശാഖസ്‌നാനത്തിനു തുല്യമായ മറ്റ് പുണ്യകര്‍മ്മമില്ല. (നാളനേന സദൃശോ ലോകേ വിഷ്ണുപ്രീതിവിധായകഃ വൈശാഖസ്‌നാനനിരതേ മേഷേ പ്രാഗര്യമോദയാത് : വൈശാഖമാഹാത്മ്യം 1:15). വൈശാഖമാസത്തില്‍ ത്രിലോകങ്ങളിലുമുള്ള സര്‍വതീര്‍ത്ഥങ്ങളുടേയും സാന്നിധ്യം എല്ലാ നദികളിലും, ജലാശയങ്ങളിലും സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ ഉണ്ടാകും എന്നതിനാല്‍ പ്രാതഃസ്‌നാനം സര്‍വതീര്‍ത്ഥസ്‌നാന ഫലം നല്‍കുന്നു എന്ന് പദ്മ പുരാണവും സ്‌കന്ദ പുരാണവും പറയുന്നു.
ദാനകര്‍മ്മങ്ങള്‍ക്ക് അനുയോജ്യമാസവുമാണ് വൈശാഖം. വൈശാഖ ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജല ദാനമാണ്(‘ന ജലേന സമം ദാനം’വൈശാഖമാഹാത്മ്യം 2:2, ‘സര്‍വദാനേഷു യത് പുണ്യം സര്‍വതീര്‍ഥേഷു യത് ഫലം തത്ഫലം സമവാപ്‌നോതി മാധവേ ജല ദാനതഃ’വൈശാഖമാഹാത്മ്യം22:11). അതു പോലെ തന്നെ യാത്ര ചെയ്തു വലഞ്ഞു വരുന്ന പഥികര്‍ക്ക് വിശ്രമിക്കുവാന്‍ വഴിയമ്പലങ്ങളും, തണ്ണീര്‍ പന്തലുകളും നിര്‍മ്മിച്ച് ജലം ദാനം ചെയ്യുന്നതും യാത്രികര്‍ക്ക് ഛത്രം(കുട), പാദുകം(ചെരിപ്പ്), വ്യജനം(വിശറി), അന്നം(ആഹാരം), പര്യങ്കം(കിടക്ക), കംബളം(പുതപ്പ്), തണുപ്പു നല്‍കുന്ന കര്‍പ്പൂരം, ചന്ദനം, ഗോരോചനം, കസ്തൂരി തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ദാനം ചെയ്യുന്നതും പുണ്യദായകമായി കരുതപ്പെടുന്നു.
ഗ്രീഷ്മ ഋതുവില്‍(വേനല്‍ക്കാലം) ആണു വൈശാഖ മാസം. വേനല്‍ക്കാലത്ത് ഏറ്റവും ആവശ്യമായത് ജല,ഛത്ര,പാദുക, വ്യജന, അന്ന ദാനങ്ങള്‍ തന്നെ. ഇതു മനസ്സിലാക്കിയാണു വൈശാഖ മാസത്തിലെ ദാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വൈശാഖ മാസം കേരളത്തിലും ഭക്തി പൂര്‍വം ആചരിച്ചിരുന്നു. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ വൈശാഖപുണ്യകാലം ആചരിക്കുന്ന പതിവുണ്ട്. സ്‌കന്ദ പുരാണത്തിലെ വൈശാഖമാഹാത്മ്യം കിളിപ്പാട്ടു രൂപത്തില്‍ മലയാളത്തില്‍ ലഭ്യമാണ്.
ഒരു ദിവസം ഒരു അദ്ധ്യായം എന്ന ക്രമത്തില്‍ മുപ്പത് ദിവസങ്ങള്‍ കൊണ്ട്  വൈശാഖ മാഹാത്മ്യം കിളിപ്പാട്ട് സമ്പൂര്‍ണ്ണമായി പാരായണം ചെയ്യുക എന്നതാണ് രീതി. ഭാഗവത പാരായണം/സപ്താഹം, വിഷ്ണു പുരാണ പാരായണം, നിള, പെരിയാര്‍, പമ്പ തുടങ്ങിയ നദികളിലും പുണ്യതീര്‍ത്ഥങ്ങളിലും സ്‌നാനം, ശ്രാദ്ധം, തര്‍പ്പണം തുടങ്ങിയവ അനുഷ്ഠിക്കല്‍ എന്നിവയും നടന്നിരുന്നു. ചക്കയും മാങ്ങയുമെല്ലാം സമൃദ്ധമായ ഈ മാസത്തില്‍ അവ വഴിയാത്രികര്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും ദാനം ചെയ്യുകയും പതിവായിരുന്നു.
ജലദാനവും അന്നദാനവും വൈശാഖമാസത്തില്‍ അതീവ പുണ്യദായകങ്ങളായി കരുതപ്പെട്ടിരുന്നതിനാല്‍ തണ്ണീര്‍പ്പന്തലുകളും വഴിയോര വിശ്രമകേന്ദ്രങ്ങളും ജലവും സംഭാരവും പാഥേയവും നല്‍കി യാത്രികരെ സമാശ്വസിപ്പിച്ചു പോന്നു.വിഷ്ണു ക്ഷേത്രദര്‍ശനം, ഉപവാസം, സഹസ്രനാമ ജപം, ദാനം നല്‍കല്‍ എന്നിവ വിധിപ്രകാരം അനുഷ്ഠിച്ചിരുന്ന പുണ്യശാലികളും കേരളത്തില്‍ ഉണ്ടായിരുന്നു. വൈശാഖമാസം മുഴുവന്‍ വിഷ്ണുവിനെ പൂജിച്ചാല്‍ ഒരു വര്‍ഷം മുഴുവന്‍ വിഷ്ണുപൂജ ചെയ്ത ഫലം ലഭിക്കും. പ്രാതഃസ്‌നാനവും ജപവും ചെയ്തു വിഷ്ണു നിവേദ്യം ഭക്ഷിച്ച് ഇന്ദ്രിയങ്ങളെ അടക്കിയും ഉപവാസാദികള്‍ അനുഷ്ഠിച്ചും വൈശാഖ വ്രതം ആചരിക്കാം. വൈശാഖമാസത്തിലെ ദിവസങ്ങളില്‍ എല്ലാം സ്‌നാനം ചെയ്യുമ്പോള്‍ ജപിക്കേണ്ട മന്ത്രങ്ങള്‍ ഇവയാണ്
വൈശാഖംസകലം മാസം മേഷസംക്രമണേരവേഃ

പ്രാതഃസനിയമഃസ്‌നാസ്യേപ്രീയതാം മധുസൂദനഃ

മധുഹന്തുഃപ്രസാദേനബ്രാഹ്മ്ണാനാമനുഗ്രഹാത്

നിര്‍വിഘ്‌നമസ്തുമേപുണ്യം വൈശാഖസ്‌നാനമന്വഹം

മാധവേമേഷഗേഭാനൗമുരാരേമധുസൂദന
പ്രതഃസ്‌നാനേനമേനാഥയഥോക്തഫലദോഭവ
യഥാ തേ മാധവോ മാസോ വല്ലഭോ മധുസൂദന
പ്രാതസ്‌നാനേനമേതസ്മിന്‍ഫലദഃ പാപഹാഭവ
(പദ്മപുരാണം പാതാളഖണ്ഡം 95:8,9,10,11)
മധുസൂദന ദേവേശ വൈശാഖേ മേഷഗോ രവൗ
പ്രാതഃസ്‌നാനം കരിഷ്യാമി നിര്‍വിഘ്‌നം കുരു മാധവ
(സ്‌കന്ദ പുരാണംവൈശാഖമാഹാത്മ്യം 4:33)

നദികള്‍, കുളങ്ങള്‍, തടാകങ്ങള്‍, ചോലകള്‍, കിണര്‍ തുടങ്ങിയവയിലെ ജലത്തില്‍ വിഷ്ണുസ്മരണയോടെ പ്രാതഃസ്‌നാനം ചെയ്യണം. സ്‌നാനശേഷം യഥാവിധി തര്‍പ്പണം, ജപം, പൂജ, ദാനം എന്നിവ അനുഷ്ഠിക്കണം. പ്രഭാതത്തിലും മധ്യാഹ്നത്തിലും സായാഹ്നത്തിലും മഹാവിഷ്ണുവിനേയും മഹാലക്ഷ്മിയേയും പൂജിക്കുകവും ചെയ്യണം.
ഇങ്ങനെ വിധിപ്രകാരം അനുഷ്ഠിക്കുന്ന വൈശാഖ വ്രതം സകല ഐശ്വര്യങ്ങളും പ്രദാനം ചെയ്യും. അക്ഷയ തൃതീയ, ബലരാമ ജയന്തി, വൈശാഖ ശുക്ലപക്ഷ ദ്വാദശി, മോഹിനി വരൂഥിനി ഏകാദശികള്‍, ശങ്കരാചാര്യ ജയന്തി, നരസിംഹ ജയന്തി, വൈകാശി വിശാഖം, ബുദ്ധ പൂര്‍ണ്ണിമ, പെരിയാള്‍വാര്‍ ജയന്തി, ദത്താത്രേയ ജയന്തി എന്നിങ്ങനെ വിശേഷ ദിനങ്ങള്‍ പലതുണ്ട് വൈശാഖത്തില്‍. 
കടപ്പാട് : ജന്മഭുമി ദിനപത്രം 
Copy Code