നവഗ്രഹ ദോഷങ്ങള്‍ ചാരവശാല്‍ അനിഷ്ട ഭാവങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ അനിഷ്ടകരമായ അനുഭവങ്ങള്‍ ചെയ്യും എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത്തരം ഗ്രഹദോഷ സമയങ്ങളില്‍ (സാമാന്യഭാഷ യില്‍ കഷ്ടകാലങ്ങളില്‍) പരിഹാരാര്‍ത്ഥം അനുഷ്ടിക്കേണ്ടതായ പരിഹാരങ്ങളും പ്രാമാണിക ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പുഷ്പധാരണം, രത്ന ധാരണം, ദാനം, സ്നാനം, യന്ത്ര ധാരണം, വസ്ത്ര ധാരണം, പൂജ, സ്തുതി, ദാനം, ഹോമം, മൂര്‍ത്തീ ഭജനം എന്നിങ്ങനെ വിവിധങ്ങളായ പരിഹാരങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഉപജീവനത്തിരക്കുകളാലും, വൈദിക വിധി പ്രകാരം പരിഹാര കര്‍മങ്ങള്‍ നടത്തിക്കുവാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലും മറ്റും ഇത്തരം പരിഹാരങ്ങള്‍ പലര്‍ക്കും അപ്രാപ്യമാകാറുണ്ട്.
ഇത്തരം അവസരങ്ങളില്‍ ഏതു ഗ്രഹമാണോ ഇപ്പോള്‍ അനിഷ്ടനായിരിക്കുന്നത് എന്ന്‍ മനസ്സിലാക്കി ആ ഗ്രഹത്തിന്‍റെ ദേവതാ പ്രതിഷ്ഠ ഉള്ളതായ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. ഏതു ഗ്രഹമാണ് തനിക്ക് ഇപ്പോള്‍ അനിഷ്ട നായി നില്‍ക്കുന്നത് എന്ന് ഒരു ഉത്തമ ജ്യോതിഷിയില്‍ നിന്നും മനസ്സിലാക്കുക. കുളിച്ച് ശുദ്ധമായി അതാതു ഗ്രഹത്തിന് പറഞ്ഞിട്ടുള്ളതായ മൂര്‍ത്തികളെ പ്രതിഷ്ടിച്ച് ആരാധിച്ചു വരുന്നതായ ക്ഷേത്രങ്ങളില്‍ പക്കപ്പിറന്നാള്‍ തോറുമെങ്കിലും ദര്‍ശനം നടത്തി വിധിയാംവണ്ണം പ്രാര്‍ഥിക്കുക. യഥാശക്തി വഴിപാടുകള്‍ നടത്തുക. ഇഷ്ടദേവതാ ക്ഷേത്രത്തിലും പരദേവതാ ക്ഷേത്രത്തിലും അതോടൊപ്പം പ്രാര്‍ഥിക്കുക. അനിഷ്ടാനുഭവങ്ങള്‍ വലിയ അളവില്‍ ഒഴിഞ്ഞു പോകുന്നതാണ്.
ഗ്രഹങ്ങളും ദേവതകളും
സൂര്യന്‍ - ശിവന്‍
ചന്ദ്രന്‍ - ദുര്‍ഗ്ഗ
കുജന്‍ - ഭദ്രകാളി, സുബ്രഹ്മണ്യന്‍
ബുധന്‍ - ശ്രീകൃഷ്ണന്‍ (അവതാര വിഷ്ണു)
വ്യാഴം - മഹാവിഷ്ണു
ശുക്രന്‍ - മഹാലക്ഷ്മി
ശനി - ശാസ്താവ്
രാഹു - നാഗദേവതകള്‍
കേതു- ചാമുണ്ടി, ഗണപതി