കുംഭ ഭരണി

കുംഭ മാസത്തിലെ ഭരണി നാള്‍ ദേവീക്ഷേത്രങ്ങളില്‍ പ്രധാനമാണ്‌. ഈ മാസങ്ങളില്‍ ദേവി ദര്‍ശനം നടത്തുകയും ഉപാസന നടത്തുകയും ചെയ്യുന്നത്‌ സമസ്ത ജീവിത വിജയങ്ങളും നേടിത്തരുമെന്നാണ്‌ വിശ്വാസം. 

ചൊവ്വാ ദോഷങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ്‌ ഇത്‌. കേരളത്തിലെ മിക്ക ദേവീ ക്ഷേത്രങ്ങളിലും ഭദ്രകാളി ക്ഷേത്രങ്ങളിലും കുംഭം, മീനം മാസങ്ങള്‍ വളരെ പ്രധാനമാണ്‌. കുംഭത്തിലേയും മീനത്തിലേയും ഭരണി നാളുകള്‍ ദേവിക്ക്‌ ഏറ്റവും പ്രിയപ്പെട്ട ദിനങ്ങളായാണ്‌ കരുതുന്നത്‌. 

ഈ ദിവസങ്ങളില്‍ ഗോത്രത്തനിമ നിറഞ്ഞതും പൗരാണിക കരകൗശല വിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ ആഘോഷങ്ങളാണ്‌ ക്ഷേത്രങ്ങളില്‍ നടക്കാറ്‌.


ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കെട്ടുകാഴ്ചയോട്‌ കൂടിയ ഭരണി ആഘോഷം തന്നെ ഇതിനൊരു ഉദാഹരണമാണ്‌. ആറ്റുകാലിലെ പൊങ്കാലയും കുംഭത്തിലാണ്‌. (പൂരം) ചോറ്റാനിക്കര മകം ആഘോഷവും ഇതേ മാസത്തില്‍ തന്നെ. 

ചാന്താട്ടം, കുത്തിയോട്ടം, കുരുതി, രക്തപുഷ്പാഞ്ജലി, ഗരുഡന്‍ തൂക്കം, താലപ്പൊലി, ഉച്ചാരവേല, പൂരോല്‍സവം, തോറ്റം പാട്ട്‌, കാളിയൂട്ട്‌, കാവടി എന്നിങ്ങനെ ഒട്ടേറെ വഴിപാടുകളും നേര്‍ച്ചകളും ഈ മാസം നടക്കുന്നു. 


തിരുവനന്തപുരത്തെ പാച്ചല്ലൂര്‍ ചുടുകാട്‌ ശ്രീഭദ്രകാളി ക്ഷേത്രം, ശാസ്തമംഗലം ബ്രഹ്മപുരം മഹാലക്ഷ്മി ക്ഷേത്രം, പേരൂര്‍ക്കട മണ്ണാമ്മൂല ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ കുംഭ ഭരണിയോട്‌ അനുബന്ധിച്ച്‌ വിവിധ ആഘോഷങ്ങള്‍ നടക്കുന്നു. 

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഈ ദിവസമാണ്  കൊടിയേറ്റം. വൈരങ്കോട്‌ വലിയ തീയാട്ട്‌, വേഴപ്പുറ ഭഗവതി ക്ഷേത്രത്തിലും പള്ളിക്കാട്ട്‌ കാവിലും പൊങ്കാല, കൊയിലാണ്ടി കൊല്ലം പിഷാരടി കാവ്‌ കളിയാട്ടം കുറിക്കല്‍, വള്ളിക്കോട്‌ വളയപ്പുള്ളി ഭഗവതി പാട്ടുകുറിയിടല്‍ എന്നിവ കുംഭ ഭരണി നാളില്‍ തുടങ്ങും. 

ഇതിനു പുറമേ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട്‌ ദേവീക്ഷേത്രത്തിലെ കൊടയും കുംഭ ഭരണി നാളിലാണ് നടക്കുന്നത്‌.
Copy Code