വിവാഹം ഏതെല്ലാം ദശാപഹാര കാലങ്ങളില്‍ നടക്കുമെന്ന് ജ്യോതിഷ
ഗ്രന്ഥങ്ങളില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കളത്രസ്ഥാനമായ ഏഴില്‍ നില്ക്കുന്ന ഗ്രഹം, അവിടേയ്ക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹം, ഇവരുടെ ഏഴാം ഭാവാധിപന്‍, അത് നില്ക്കുന്ന രാശിയുടെ അധിപന്‍, നവാംശക രാശ്യാധിപന്‍, ശുക്രന്‍, ചന്ദ്രന്‍, ലഗ്നാധിപന്റെ നവാംശക രാശ്യാധിപന്‍ ഇവരുടെയെല്ലാം ദശാകാലത്തും അപഹാര കാലത്തും വിവാഹം നടക്കാന്‍ അനുകൂലമായ കാലമാണ്. രാഹുവിന്റെ ദശാപഹാര കാലങ്ങളും വിവാഹത്തിന് അനുകൂലമായ കാലമാണെന്ന് ചില ഗ്രന്ഥങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളത് പലരുടെയും അനുഭവത്തില്‍ ശരിയായി വന്നിട്ടുണ്ട്.
ശുക്രന്‍, ലഗ്നാധിപന്‍, ഏഴാം ഭാവാധിപന്‍, ജന്മാധിപന്‍ ഇവര്‍ ഏഴാംഭാവം അതിന്റെ അധിപന്‍ നില്ക്കുന്ന രാശി മേല്‍ സൂചിപ്പിച്ച രണ്ടിന്റെയും ഏഴാംഭാവം ഒമ്പതാം ഭാവം, അഞ്ചാം ഭാവം ഇതിലേതെങ്കിലും സഞ്ചരിക്കുമ്പോഴും അല്ലെങ്കില്‍ സപ്തമാധിപന്‍ നില്ക്കുന്ന രാശി, നവാംശകരാശി ഈ രണ്ടിന്റെയും അഞ്ചാം ഭാവം, ഒമ്പതാം ഭാവം ഇതിലൊന്നിലും ചാരവശാല്‍ വ്യാഴം സഞ്ചരിക്കുമ്പോഴും വിവാഹം നടക്കാവുന്ന കാലമാണ്.