ജാതകത്തില്‍ ഏതു ഗ്രഹമാണ് അല്ലെങ്കില്‍ ഗ്രഹങ്ങളാണ് അനിഷ്ട ഫല പ്രദായകന്‍ എന്ന് ജ്യോതിഷിയില്‍ നിന്നും മനസ്സിലാക്കുകയും അവര്‍ക്കു വേണ്ടതായ പരിഹാര കര്‍മങ്ങള്‍ അനുഷ്ടിക്കുകയും വേണം. ബ്രഹദൈവജ്ഞ രഞ്ജനം മുതലായ ഗ്രന്ഥങ്ങളില്‍ ഇത് സംബന്ധമായി വിശദമായി പ്രതിപാദിക്കുന്നു.
1. സ്നാനം - അതാതു ഗ്രഹ ശാന്തികരങ്ങളായ ഔഷധങ്ങളാല്‍ സ്നാന ജലം തയാറാക്കുകയും അതില്‍ കുളിക്കുകയും ചെയ്യുക.
2. തീര്‍ഥ സ്നാനം - പുണ്യ തീര്‍ഥങ്ങളില്‍ സ്നാനം നടത്തുക.
3.യന്ത്ര ധാരണം - ഓരോ ഗ്രഹങ്ങള്‍ക്കും പറഞ്ഞിരിക്കുന്നതായ മൂലമന്ത്രമോ മൂല സംഖ്യകളോ ആലേഖനം ചെയ്ത യന്ത്രം ശരീരത്തില്‍ ധരിക്കുക.
4. പുഷ്പാര്‍ച്ചന - അതാതു ഗ്രഹങ്ങള്‍ക്ക് പറഞ്ഞിരിക്കുന്നതായ പുഷ്പങ്ങളെ കൊണ്ട് ഗ്രഹ പൂജ നടത്തി പുഷ്പ ധാരണം നടത്തുക.
5.വസ്ത്ര ധാരണം - പ്രസ്തുത ഗ്രഹത്തിന് വിധിച്ചതായ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
6. രത്ന ധാരണം - ജ്യോതിഷ ഉപദേശ പ്രകാരം അതാതു ഗ്രഹത്തിന് അനുകൂലമായ രത്നം ഉചിതമായ ലോഹത്തില്‍ ചേര്‍ത്ത് ശരീര സംബന്ധം വരും പ്രകാരം ധരിക്കുക.
7.ഗ്രഹ പൂജയും മന്ത്ര ജപവും - പ്രസ്തുത ഗ്രഹത്തിന് പറഞ്ഞിരിക്കുന്ന രീതിയില്‍ നവഗ്രഹ പൂജ നടത്തുകയും വേണ്ടതായ സ്തോത്ര ജപങ്ങള്‍ നടത്തുകയും ചെയ്യുക.
8. നമസ്കാരം - പ്രസക്തമായ ഗ്രഹത്തിനുവേണ്ട പ്രത്യേക മന്ത്രം ജപിച്ച് അവരുടെ മഹാദശാ വര്‍ഷത്തിനുള്ള സംഖ്യ നമസ്കാരം ചെയ്യുക.
9. ദാനം - പ്രസക്ത ഗ്രഹത്തിന് പറഞ്ഞിട്ടുള്ളതായ ലോഹം, ധാന്യം,വസ്ത്രം, മൃഗം മുതലായവയെ ദാനം ചെയ്യുക.
10. ഹോമങ്ങള്‍ - ഓരോ ഗ്രഹത്തിനും നിഷ്കര്‍ഷിച്ചിട്ടുള്ളതായ ചമത വിധിപ്രകാരം ഹോമിക്കുക.
11. അധിദേവതാ ഭജനം - പ്രീതി വരുത്തേണ്ടാതായ ഗ്രഹത്തിന് പറഞ്ഞിരിക്കുന്നതായ ദേവതാ പ്രതിഷ്ഠ യുള്ള ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകള്‍ അനുഷ്ടിച്ച് ഭജിക്കുക.